ഇന്നത്തെ വചന വിചിന്തനം ….

പൊന്നു മീറ കുന്തിരിക്കം , കാഴ്ചവെക്കാം നിന്‍ സന്നിധിയില്‍….ഈ ഗാനം നമ്മുടെ മനസില്‍ എന്നുമുണ്ടാകും അല്ലെ.. ഇന്ന് തിരുസഭ മൂന്നു രാജാക്കന്മാരുടെ തിരുനാള്‍ ആഘോഷിക്കുന്നു. എന്നെ ആകര്‍ഷിച്ച മൂന്നു കാര്യങ്ങള്‍ മാത്രം നമുക്ക് ധ്യാന വിഷയമാക്കാം..

ഒന്ന്.. രാജാക്കന്മാര്‍ക്ക് വഴികാട്ടിയായത് നക്ഷത്രമാണ്. നക്ഷത്രം കാട്ടിയ വഴിയിലൂടെയാണ് രാജാക്കന്മാര്‍ പരിശുദ്ധ മറിയവും വിശുദ്ധ ഔസേപ്പ് പിതാവും ഉണ്ണിയേശുവും വസിച്ച സ്ഥലത്ത് എത്തി ചേരുന്നത്. ഒന്നാമത്തെ ധ്യാനം ഒരു ക്രിസ്ത്യാനി അപരനെ ക്രിസ്തുവിലേക്ക് നയിക്കുന്ന നക്ഷത്രമാകണം. വഴിതെറ്റിക്കാനല്ല നമ്മുടെ വിളി മറിച്ചു ശരിയായ വഴി കാണിക്കുവാനാണ്. നാം നമ്മുടെ വാക്കുകളും പ്രവര്‍ത്തികളും വഴി ആരെയെങ്കിലും വഴി തെട്ടിചിട്ടുണ്ടോ എന്ന് ചിന്തിക്കാം. നമ്മള്‍ കാരണം ഇന്ന് പാപത്തില്‍ ജീവിക്കുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ അതിനെയോര്‍ത്തു ദൈവത്തോട് മാപ്പ് ചോദിക്കാം, അവരെ നേരായ വഴിയില്‍ ക്രിസ്തുവിലേക്ക് കൊണ്ട് വരാം.

രണ്ടു, രാജാക്കന്മാര്‍ കാഴ്ചവെച്ചത് വിലകൂടിയ കാര്യങ്ങളായിരുന്നു എന്ന് നമുക്ക് അറിയാം. അവര്‍, ജനിച്ചിരിക്കുന്ന കുഞ്ഞു ലോകം മുഴുവന്റെയും രക്ഷകനാണെന്നു തിരിച്ചറിഞ്ഞു , ഉണ്ണി യേശുവിന്റെ മുന്‍പില്‍ കാഴ്ചകള്‍ വെച്ച് അവിടുത്തെ ആരാധിക്കുന്നു. രാജാക്കന്മാര്‍ തങ്ങളുടെ ഒന്നുമില്ലായ്മയെ തിരിച്ചറിയുന്നത്‌ ഈ ശിശുവിന്റെ മുന്‍പിലാണ്. നാം എന്തെങ്കിലും ദൈവത്തിനു കാഴ്ച്ചവെച്ചിട്ടുണ്ടോ… നാം വിലപിടിപ്പുള്ളതു എന്ന് കരുതുന്ന കാര്യങ്ങളാണോ നാം ദൈവത്തിനു കാഴ്ച വെച്ചിട്ടുള്ളത്‌. ഏറ്റവും നല്ലത് ദൈവത്തിനു നല്‍കുവാന്‍ നാം തയ്യാറായിട്ടുണ്ടോ. നാം ഒത്തിരികാര്യങ്ങള്‍ ദൈവത്തിനു നേര്ച്ച നേരും, എനാല്‍ നമ്മുടെ കാര്യങ്ങള്‍ സാധിച്ചു കഴിയുമ്പോള്‍ ആ നേര്ച്ച കാഴ്ചകളില്‍ നിന്നും നമ്മള്‍ പിന്മാറിയിട്ടില്ലേ… ദൈവം തരാത്തതായി എന്തെങ്കിലും നമുക്കുണ്ടോ..ജോബ്‌ പറയുന്നത് പോലെ നഗ്നരായി വന്ന നാം നഗ്നരായി പോകേണ്ടവരല്ലേ… ദൈവം തന്നതിനെ ദൈവത്തിനു കൊടുക്കാന്‍ നാം മടിചിട്ടുണ്ടെങ്കില്‍ അതിനെയോര്‍ത്തു മാപ്പ് ചോദിക്കാം., എപ്പോഴും എല്ലാ കാര്യങ്ങളിലും ഏറ്റവും നല്ലത് ദൈവത്തിനു കാഴ്ചവെക്കാം..

മൂന്നു. കാഴ്ചകള്‍ സമര്‍പ്പിച്ചതിനു ശേഷം രാജാക്കന്മാര്‍ മറ്റൊരു വഴിയിലൂടെ സഞ്ചരിക്കുന്നു. ക്രിസ്തുവിനെ കന്ദുമുട്ടിയവന്‌ പിന്നീട് പഴയ വഴികളില്‍ സഞ്ചരിക്കില്ല. ക്രിസ്തുവിന്റെ മുന്‍പില്‍ തന്റെ ജീവിതം സമര്‍പ്പിച്ചവന് ലോകത്തിന്റെ വഴികള്‍ അന്യമാണ്. നമ്മുടെ വിശുദ്ധരെല്ലാം തന്നെ ക്രിസ്തുവുമായുള്ള കണ്ടുമുട്ടലിലൂടെ പുതിയ വഴി തിരഞ്ഞെടുത്തവരാണ്. വിശുദ്ധ അഗസ്റ്റിന്റെ ജീവിതം നമുക്ക് വലിയ ഒരു ഉദാഹരണമാണ്. ക്രിസ്തുവുമായുള്ള കണ്ടുമുട്ടല്‍ നമ്മെ പുതിയ മനുഷ്യരാക്കി മാറ്റും. ക്രിസ്തുവുമായുള്ള കണ്ടുമുട്ടല്‍ നമുക്ക് പുതിയ വഴികള്‍ തുറന്നു തരും.. നിങ്ങള്‍ പുതിയ മനുഷ്യരാകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ക്രിസ്തുവിനെ കണ്ട് മുട്ടുക, അവന്റെ തിരുസന്നിധിയില്‍ നിങ്ങളുടെ ജീവിതം സമര്‍പ്പിക്കുക.. തീര്‍ച്ചയായും ക്രിസ്തു നമുക്കായി വഴിതുറക്കും. കാരണം അവന്‍ തന്നെയാണ് വഴി.

പ്രിയ സഹോദരങ്ങളെ, ഓരോ കുര്‍ബാനയും കുമ്പസാരവും എല്ലാം നമ്മെ ക്ഷണിക്കുന്നത് ക്രിസ്തുവില്‍ ഒരു പുതിയ മനുഷ്യര്‍ ആകുവാനാണ്. പരിശുദ്ധ കുര്ബാനയിലെ യേശുവിന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞു, കുര്‍ബാനയില്‍ നാം അനുദിനം കണ്ടുമുട്ടുന്ന യേശു തെളിക്കുന്ന വഴിയിലൂടെ നമുക്ക് നടക്കാം. ഈ രാജാക്കന്മാരുടെ തിരുന്നാള്‍ ഒരു നവീകരനത്തിലേക്ക് നമ്മു നയിക്കട്ടെ. അപരനെ യേശുവിലേക്ക് നയിക്കുന്നവരാകാം നമുക്ക്. അതിനു ആദ്യം നാം യേശുവിനെ കണ്ടുമുട്ടെണ്ടിയിരിക്കുന്നു. പരിശുദ്ധ കുര്‍ബാനയില്‍ നമ്മെ കാത്തിരിക്കുന്ന ഈശോ. അന്ന് പരിശുദ്ധ അമ്മയോടും വിശുദ്ധ ഔസേപ്പ് പിതാവിനോടുമോപ്പം രാജാക്കന്മാരെ കാത്തിരുന്ന യേശു ഇന്ന് തന്റെ അമ്മയോടും വിശുദ്ധരോടും ഒപ്പം ഓരോ ദൈവാലയത്തിലും നമ്മെ കാത്തിരിക്കുന്നു. വരുവിന്‍ നമുക്ക് നമ്മുടെ വിശുദ്ധരുടെ മാതൃകയില്‍, രാജാക്കന്മാരുടെ മാതൃകയില്‍, നമുക്കുള്ളതെല്ലാം സമര്‍പ്പിച്ചു ഈശോയെ ആരാധിക്കാം.  by Fr. Milton George, Spain

You may also like...

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: