ഈ പ്രഭാതത്തില്‍…

ഈ പ്രഭാതത്തില്‍…
പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍…ആമേന്‍. യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന. എല്ലാ നന്മകളുടെയും ദാതാവായ ദൈവമേ ഈ പ്രഭാതത്തെയും ദിവസത്തെയും ഓര്‍ത്ത്‌ അങ്ങേക്ക് നന്ദി പറയുന്നു. അങ്ങയില്‍ നിന്നും സ്വീകരിച്ചതെല്ലാം അനുഗ്രഹങ്ങളായിരിക്കെ, പലപ്പോഴും എന്റെ ഇല്ലായ്മകളില്‍ നോക്കി ഞാന്‍ അങ്ങയെ കുറ്റപ്പെടുത്തിയിട്ടുണ്ട്. എന്റെ ശരീരത്തിന്റെയും മനസിന്റെയും ആഗ്രഹങ്ങള്‍ക്കൊത്തു ജീവിച്ചിട്ട്, വേദന വരുമ്പോള്‍ മാത്രം അങ്ങയെ അന്വേഷിച്ചിട്ടുണ്ട്. നിര്‍ഭാഗ്യ പാപിയായ എന്റെ മേല്‍ കനിയണമേ. കര്‍ത്താവേ അത്ഭുതങ്ങള്‍ തേടിയുള്ള എന്റെ ഓട്ടത്തിനിടയില്‍ അത്ഭുതങ്ങളുടെ ഉറവിടമായ അങ്ങയെ മറന്നു. പണത്തിനു വേണ്ടിയുള്ള തീവ്ര ആഗ്രഹത്തിനിടയില്‍ എല്ലാ സമ്പത്തുക്കളുടെയും ഉടയവനായ അങ്ങയെ മറന്നു. സുഖങ്ങള്‍ തേടിയുള്ള യാത്രയില്‍ ശാശ്വത സുഖം നല്‍കുന്ന അങ്ങയെ വിസ്മരിച്ചു. ഒടുവില്‍ നിരാശനായി രോഗിയായി ഏകനായി തീര്‍ന്നപ്പോള്‍ കണ്ണുനീരോടെ ഞാന്‍ നിന്റെ തിരുസന്നിധിയില്‍ വന്നു. യാതൊരു പരിഭവവും കൂടാതെ എന്നെ മാറോടു ചേര്‍ത്തു അങ്ങ് എന്നോട് പറഞ്ഞു..അങ്ങ് എന്നെ സ്നേഹിക്കുന്നുവെന്ന്. ആ സ്നേഹത്തിനു ഞാന്‍ യോഗ്യനല്ല ദൈവമേ. ഓരോ വിശുദ്ധര്‍ക്കും ഒരു പഴയ ജീവിതം ഉണ്ട് എന്ന് ഞാന്‍ മനസിലാക്കുന്നു. എന്നാണു ഞാന്‍ എന്റെ പാപങ്ങളില്‍ നിന്നും മോചിതനായി അങ്ങയുടെ വിശുദ്ധനായി ജീവിക്കുന്നത്. എപ്പോഴാണ് എന്റെ ചിന്തയും വാക്കും പ്രവര്‍ത്തിയും അങ്ങയുടെ മഹത്വത്തിന് കാരണമാകുന്നത്.. ദൈവമേ അങ്ങയുടെ സന്നിധിയില്‍ കൃപ കണ്ടെത്തിയ പരിശുദ്ധ അമ്മയും വിശുദ്ധരും എത്രയോ അനുഗ്രഹീതരാണ്.ഇതാ ഞാന്‍ വരുന്നു.. പൂര്‍ണ അനുതാപത്തോടെ, അങ്ങയുടെ മകനാകുവാന്‍..ഈ ആഗമന കാലത്തില്‍ അങ്ങയുടെ പ്രിയപുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവിന്റെ ജനനത്തിനായി ഉപവാസത്തോടും പ്രായശ്ചിതത്തോടും കൂടെ ഒരുങ്ങുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ ആഗ്രഹത്തെ അനുഗ്രഹിക്കണമേ. ആമേന്‍.

You may also like...

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.