ക്രിസ്തുവിനോടൊപ്പം തിരുസഭയുടെ പടവില്‍…..

ക്രിസ്തുവിനോടൊപ്പം തിരുസഭയുടെ പടവില്‍…..

പ്രിയ സഹോദരങ്ങളെ, തിരുസഭാ മാതാവ് ആണ്ടുവട്ടത്തിലെ അഞ്ചാമത്തെ ഞായര്‍ ആഘോഷിക്കുന്നു. ഇത് തപസുകാലത്തിനു മുന്‍പുള്ള അവസാന ഞായര്‍ ആണിത്. ഇന്ന് ധ്യാനിക്കുന്ന സുവിശേഷ ഭാഗം വിശുദ്ധ ലൂക്കാ 5,1…11.. ഇന്നത്തെ തിരുക്കര്‍മ വായനകള്‍ മൂന്നും തന്നെ ദൈവവിളിയെ കുറിച്ച് പ്രതിപാദിക്കുന്നു. ഒന്നാം വായനയില്‍ ഏശയ്യ പ്രവാചകന്റെ വിളിയും രണ്ടാം വായനയില്‍ വിശുദ്ധ പൌലോസിന്റെ അപസ്തോലിക ജീവിതത്തെയും സുവിശേഷത്തില്‍ യേശു തന്റെ ആദ്യ ശിഷ്യന്മാരെ വിളിക്കുന്നതുമായ ഭാഗങ്ങളാണ് നാം വായിക്കുന്നത്. സുവിശേഷം ആരംഭിക്കുമ്പോള്‍ രണ്ടു വള്ളങ്ങള്‍ കരയോട് ചേര്‍ന്ന് കിടക്കുകയായിരുന്നു. അവയില്‍ ഒന്നില്‍ യേശു കയറി എന്നിട്ട് കരയില്‍ നിന്ന് അല്‍പം അകലേക്കു വള്ളം നീക്കാന്‍ ശിമയോനോട് അവനോട് യേശു ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിന്റെ ഒരു പ്രതീകാത്മകത ഇവിടെ കാണാം… യേശു കയറുന്ന വള്ളം… യേശു സ്വന്തമാക്കുന്ന വ്യക്തി, അത് മാറ്റി നിര്‍ത്ത്പ്പെടെണ്ടതാണ്. അത് കടലിന്റെ ആഴങ്ങളിലേക്ക് മാറ്റി നിര്‍ത്തുവാനാണ് യേശു ആവശ്യപ്പെടുന്നത്. തെരഞ്ഞെടുപ്പു പൂര്‍ണമായും യേശുവിന്റെതാണ്, മനുഷ്യന്റെതല്ല…നിങ്ങളല്ല എന്നെ തെരഞ്ഞെടുത്തത് , ഞാനാണ് നിങ്ങളെ തിരഞ്ഞെടുത്തത് എന്നാ സുവിശേഷ ഭാഗം അനുസ്മരിക്കാം.. ആ വല്ലത്തിലിരുന്നു ജനങ്ങളെ പഠിപ്പിച്ച ശേഷം യേശു ശിമയോനോടു പറഞ്ഞു: ആഴത്തിലേക്കു നീക്കി, മീന്‍ പിടിക്കാന്‍ വലയിറക്കുക, എന്ന്. ശിമയോന്റെ മറുപടി ശ്രദ്ധിക്കു..ഗുരോ, രാത്രി മുഴുവന്‍ അദ്ധ്വാനിച്ചിട്ടും ഞങ്ങള്‍ക്ക് ഒന്നും കിട്ടിയില്ല. അവന്‍ അവിടെ പറഞ്ഞവസാനിപ്പിച്ചില്ല…എങ്കിലും നീ പറഞ്ഞതനുസരിച്ച് ഞാന്‍ വലയിറക്കാം എന്നുകൂടി കൂട്ടിച്ചേര്‍ത്തു. എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട കടലിലേക്കാണ് വീണ്ടും വലയിറക്കുവാന്‍ യേശു ആവശ്യപ്പെടുന്നത്…പ്രിയപ്പെട്ടവരേ, ക്രിസ്ത്യാനിയുടെ വിളി എന്താണ് എന്ന് നമുക്ക് നോക്കാം… ഇന്നത്തെ ലോകത്തില്‍ പ്രതീക്ഷ നഷ്ടപ്പെട്ട മനുഷ്യരുണ്ട്‌, രോഗത്താല്‍ ക്ലേശിക്കുന്ന മനുഷ്യരുണ്ട്‌, തൊഴില്‍ ഇല്ലാത്തവരും തൊഴില്‍ നഷ്ടപ്പെട്ടവരുമായ സഹോദരങ്ങളുണ്ട്, പരാജയം മാത്രം അഭിമുഖീകരിച്ചവരുണ്ട്, അന്ധകാരത്തില്‍ കഴിയുന്നവരുണ്ട്, അവരെയൊക്കെ ക്രിസ്തുവിലേക്ക് കൊണ്ടുവരുവാന്‍ വിളിക്കപ്പെട്ടവനാണ് ക്രിസ്ത്യാനി.. ഒത്തിരി പരിശ്രമിച്ചിട്ടും, ഒത്തിരി ആഗ്രഹിച്ചിട്ടും ഒന്നും നടക്കാതെ പോയ സഹോദരങ്ങളോട്, യേശു പറയുന്നു, നീ അവനില്‍ വിശ്വസിച്ചുകൊണ്ടു ഒന്നുകൂടി ചെയ്യുക, ഒന്നുകൂടി ശ്രമിക്കുക, എന്ന് പറയുവാന്‍ വിളിക്കപ്പെട്ടവരാണ് നമ്മള്‍.. ക്രിസ്ത്യാനികള്‍ക്ക് രണ്ടു ദൈവവിളിയുണ്ട്… ഒന്ന് മനുഷ്യനാവുക, രണ്ടു ഒരു ക്രിസ്ത്യാനിയായിരിക്കുക, ക്രിസ്ത്യനിയായിരിക്കുക എന്നുള്ളത് എല്ലാവരെയും പോലെ ജീവിച്ചു മരിക്കാനുള്ള ഒരു വിളിയല്ല, മറിച്ച്, അതിനുമപ്പുറം, നമ്മുടെ ലോകത്തിന്റെ നിരാശയുടെ ശൂന്യമായ വള്ളങ്ങളിലേക്ക് ക്രിസ്തുവിനെ പ്രവേശിപ്പിക്കുവാനും, ആ വള്ളങ്ങള്‍ ക്രിസ്തു ആഗ്രഹിക്കുന്ന സ്ഥലങ്ങളിലേക്ക് മാറ്റിയിടുവാനും, ഒപ്പം അവന്‍ പറയുന്ന സ്ഥലത്ത് വലയിടുവാനുമുള്ള വിളിയാണ്. പരിശുദ്ധ അമ്മ നമ്മോടു എന്നും പറയുന്നു, നിങ്ങള്‍ അവന്‍ പറയുന്നതുപോലെ ചെയ്യുവിന്‍, ശിമയോന്‍ ഇന്ന് പറയുന്നു, എങ്കിലും അങ്ങ് പറഞ്ഞതനുസരിച്ച് ഞാന്‍ വലയിറക്കാം…ഇന്ന് ലോകം യേശുവിനെ കേള്‍ക്കുന്നില്ല.. എന്ന് ലോകം യേശുവിന്റെ വാക്കുകള്‍ കേള്‍ക്കുന്നുവോ അന്ന് അത്ഭുതങ്ങള്‍ നടക്കും. യേശു നമ്മളെയും ആഴത്തിലേക്ക് വലയിറക്കുവാന്‍ ക്ഷണിക്കുന്നു. പരിശുദ്ധ അമ്മ വിശ്വാസത്തോടെ ആഴങ്ങളിലേക്ക് വലയിറക്കിയ വ്യക്തിയാണ്…. ഇതാ അമ്മയ്ക്ക് സ്വര്‍ഗീയ സമ്പത്ത് തന്നെയായ യേശുവിനെ ജീവിതം നിറയെ കിട്ടി… വിശുദ്ധ ഔസേപ്പ് പിതാവും വിശുദ്ധരും എല്ലാം തന്നെ വിശ്വാസത്തോടെ ആഴങ്ങളിലേക്ക് വലയിറക്കിയവരാണ്. അവര്‍ക്കെല്ലാം ജീവിതം ധന്യമാകുവോളം യേശുവിനെ കിട്ടി.. നമ്മുടെ ജീവിതങ്ങളെ യേശു ആഗ്രഹിക്കുന്ന സ്ഥലങ്ങളിലേക്ക് മാറ്റിയിടാം…അവിടെ യേശുവിനെ കയറാന്‍ അനുവദിക്കാം..യേശു വള്ളത്തിലിരുന്നു പഠിപ്പിച്ചു, നമ്മുടെ ജീവിതങ്ങളും യേശുവിന്റെ സന്ദേശങ്ങളായി മാറട്ടെ…ഒപ്പം പ്രാര്‍ത്ഥനയോടെ വിശ്വാസത്തിന്റെ ആഴങ്ങളിലേക്ക് നമുക്കും വലയിറക്കാം. വിശ്വാസത്തിന്റെ പടവിലേറി നമുക്കും യേശുവിനോടൊപ്പം യാത്ര ചെയ്യാം, തിരുസഭമാതാവു ഈ വിശ്വാസ വര്‍ഷത്തില്‍ നമ്മെയും ക്ഷണിക്കുന്നു.. നമ്മുടെ യാത്ര ക്രിസ്തുവിനോടോപ്പമാണ്. ക്രിസ്തു ശിരസായ സഭയില്‍ അഭിമാനിക്കുവാനും ആ സഭയില്‍ ക്രിസ്തു ഭരമെല്‌പ്പിച കാര്യങ്ങള്‍ വിശ്വാസത്തോടും വിശ്വസ്തതയോടും കൂടി ചെയ്യുവാനുള്ള നമ്മുടെ ദൈവവിളി മറന്നു വികാരങ്ങള്‍ക്കടിമപ്പെട്ടു വഴിതെറ്റി സഞ്ചരിക്കുന്ന പടവുകളില്‍ നമുക്ക് സഞ്ചരിക്കാതിരിക്കാം.. വിശ്വാസ വര്ഷം തിരിച്ചറിവിന്റെ വര്‍ഷമാണ്‌…കത്തോലിക്കാ തിരുസഭയെ ഇന്നുവരെ സംരക്ഷിച്ച അതിന്റെ ശിരസ്സായ ക്രിസ്തു തന്നെ എന്നും അതിനെ നയിക്കുന്നു എന്നതില്‍ അഭിമാനം കൊണ്ട് നമുക്ക് ജീവിക്കാം.. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ..

You may also like...

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: