ക്രിസ്തുവിന്റെ സ്വരമാണ് നമ്മള്‍….

ക്രിസ്തുവിന്റെ സ്വരമാണ് നമ്മള്‍….

പ്രിയ കൂട്ടുകാരെ, ഇന്ന് ആഗോള സഭ ക്രിസ്തുരാജന്റെ തിരുന്നാള്‍ ആഘോഷിക്കുന്നു. ആണ്ടുവട്ടത്തിലെ അവസാന ഞായര്‍ ആണ് തിരുന്നാള്‍ ദിനമായി ആഘോഷിക്കുക. ഒപ്പം അടുത്ത ഞായര്‍ ആഗമന കാലത്തിന്റെ ഒന്നാം ഞായര്‍ ആരംഭിക്കുന്നു….

എന്റെ രാജ്യം ഭൌമീകമല്ല എന്ന് വിളിച്ചു പറഞ്ഞ ക്രിസ്തുവിന്റെ ശിഷ്യരായ നമ്മളും ലോകത്തെ നോക്കി ഇതുപോലെ വിളിച്ചു പറയണം. ക്രിസ്തു ലോകത്തിലേക്ക് വന്നത് സ്വര്‍ഗരാജ്യത്തിന്റെ മൂല്യങ്ങള്‍ പഠിപ്പിക്കാനാണ്. ആ ദൌത്യം തുടര്‍ന്ന് കൊണ്ടുപോകാന്‍ ക്രിസ്തു സഭയെ ഭരമെല്‍പ്പിച്ചു. ശാന്തിയുടെയും സ്നേഹത്തിന്റെയും ഐക്യത്തിന്റെയും സന്തോഷത്തിന്റെയും സാമ്രാജ്യം ഭൂമിയില്‍ സ്ഥാപിക്കാന്‍ ക്രിസ്തു സഭയെ ചുമതലപ്പെടുത്തി. ലോകം അവസാനിക്കുമെന്നും, നാം ഇന്ന് കാണുന്ന അടയാളങ്ങള്‍ അതിന്റെ മുന്നോടിയാണെന്നും നമ്മോടു പലരും പഠിപ്പിക്കുന്നുണ്ട്. ലോകത്തിന്റെ അവസാനം നാഷമല്ല മറിച്ചു ക്രിസ്തുവുമായുള്ള കൂടിക്കാഴ്ച്ചയാണെന്ന് നാം മനസിലാക്കാന്‍ മറന്നു പോകരുത്. സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും അധിപനായ ക്രിസ്തു തന്റെ രണ്ടാമത്തെ വരവില്‍ ഓരോരുത്തരെയും അവരവരുടെ പ്രവര്‍ത്തികള്‍ക്കനുസരിച്ചു വിധിക്കും. ഇന്ന് ലോകത്തിനും ലോക രാഷ്ട്രങ്ങള്‍ക്കും ഒരു സ്വരമുണ്ട്. വിവാഹത്തെക്കുരിച്ചും ഭ്രൂണഹത്യയെ കുറിച്ചും ഒക്കെ ലോകത്തിന്റെ സ്വരം നമ്മള്‍ കേള്‍ക്കുന്നുണ്ട്. എന്നാല്‍ ക്രിസ്തുവിന്റെ രാജ്യത്തിന്റെ അവകാശികളായ നാം ലോകത്തിന്റെ സ്വരമനുസരിച്ചല്ല ജീവിക്കേണ്ടത്. നമ്മള്‍ ഓരോരുത്തരും ക്രിസ്തുവിന്റെ സ്വരമായി മാറുവാന്‍ വിളിക്കപ്പെട്ടിരിക്കുന്നു. അവിടുന്ന് നമുക്ക് വചനത്തിലൂടെ കാണിച്ചു തന്ന മൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കുവാന്‍ ക്രിസ്തു ഓരോ ബലിയര്‍പ്പണത്തിലും നമ്മെ ക്ഷണിക്കുന്നു. ഇന്ന് മൂല്യച്യുതിയുടെ കാലമാണ്. യുദ്ധങ്ങളും പട്ടിണിയും വേദനയും അസഹിഷ്ണുതയും നമുക്ക് ചുറ്റും വര്‍ദ്ധിക്കുന്നു. ഓരോരുത്തരും അവരവരുടെ രാജാവായി മാറുന്നു. ക്രിസ്തു, നിത്യം രാജവായവന്‍, മാറ്റിനിര്‍ത്തപ്പെടുന്നു. നമ്മുടെ മൂല്യങ്ങള്‍ക്കുവേണ്ടി ക്രിസ്തുവിന്റെ, സ്വര്‍ഗരാജ്യത്തിന്റെ മൂല്യങ്ങളെ നമ്മള്‍ തള്ളിക്കളയുന്നു. ലോകത്തിനു നമ്മെ തൃപ്തിപ്പെടുത്തുവാന്‍ സാധ്യമല്ല എന്നുള്ള വലിയ ഒരു തിരിച്ചറിവ് നമ്മള്‍ സ്വന്തമാക്കെണ്ടിയിരിക്കുന്നു. നമ്മുടെ വിശ്വാസ പ്രമാണത്തില്‍ നാം പ്രഖ്യാപിക്കുന്നു അവിടുത്തെ രാജ്യത്തിന്‌ അവസാനം ഉണ്ടായിരിക്കില്ല എന്ന്. ആ നിത്യരാജ്യമാണ് നമുക്കും സ്വന്തമായുള്ളത് എന്നുള്ള വിശ്വാസത്തോടും ബോദ്ധ്യത്തോടും കൂടെ വേണം നമ്മള്‍ ഈ ഭൂമിയില്‍ ജീവിക്കുവാന്‍. സഭ ക്രിസ്തുവിന്റെ സ്വരമാണ്. ക്രിസ്ത്യാനികള്‍ ക്രിസ്തുവിന്റെ മൂല്യങ്ങള്‍ക്ക് വേണ്ടി ജീവിക്കുവാനും മരിക്കുവാനും തയ്യാറാകുമ്പോള്‍ മാത്രമേ സ്വര്‍ഗരാജ്യാനുഭവം നമുക്ക് ലഭിക്കുകയുള്ളൂ. അനേകം വിശുദ്ധരും രക്തസാക്ഷികളും ക്രിസ്തുവിനുവേണ്ടി അവിടുത്തെ മൂല്യങ്ങള്‍ക്കുവേണ്ടി ജീവിക്കുവാനും മരിക്കുവാനും തയ്യാറായെങ്കില്‍ എന്തുകൊണ്ട് എനിക്കും നിങ്ങള്‍ക്കും ആയിക്കൂടാ. ഒരു കോമ്പ്രമൈസ് ക്രിസ്തു ശിഷ്യന് യോജിച്ചതല്ല. ലോകത്തെ മൂല്യങ്ങളോട് അനുരൂപപ്പെടുവാനോ, കീഴ്പ്പെടുവാനോ പാടില്ല. നാം ലോകത്തിലാനെങ്കിലും ഈ ലോകത്തിന്റെതല്ല എന്നുള്ള ബോധ്യം ഒരിക്കലും നഷ്ടപ്പെട്ടു പോകരുത്.. ലോകത്തിലുള്ള നമ്മുടെ ജീവിതമാണ് ക്രിസ്തു രാജാവായിരിക്കുന്ന സ്വര്‍ഗരാജ്യത്തിനു നമ്മെ അവകാഷികലാക്കി മാറ്റുന്നത്.. ഭൂമിയില്‍., ലോകത്തില്‍ ക്രിസ്തുവിന്റെ മൂല്യങ്ങള്‍ മറന്നു, തള്ളിക്കളഞ്ഞു ജീവിച്ചാല്‍ എങ്ങനെ നമുക്ക് സ്വര്‍ഗരാജ്യം സ്വന്തമാകും.. അവിടുന്ന് പഠിപ്പിച്ച പ്രാര്‍ത്ഥന അങ്ങയുടെ രാജ്യം വരണമേ എന്നുള്ളതാണ്. ക്രിസ്തുവിന്റെ, ദൈവത്തിന്റെ രാജ്യത്തിനായി കാത്തിരിക്കുന്നവരാണ് നമ്മള്‍.. ഓരോ കുര്‍ബാനയിലും ഈ സ്വര്‍ഗീയ രഹസ്യങ്ങളുടെ ആഘോഷമാണ് നടക്കുന്നത്. പരിശുദ്ധ കുര്‍ബാനയുടെ സ്വീകരണം നമ്മെ സ്വര്‍ഗരാജ്യ ജീവിതത്തിനായി ഒരുക്കുന്നു. ഇതിലൊന്നും കാര്യമില്ല എന്ന് പറഞ്ഞു നമ്മെ പഠിപ്പിക്കുന്നവര്‍ ഒന്നോര്‍ക്കുക.. അവിടുന്ന് വീണ്ടും വരും വിധിയാളനായി. നാം എപ്രകാരം അവിടുന്ന് നല്‍കിയ സന്ദേശങ്ങള്‍ ഉള്‍ക്കൊണ്ടു, അവിടുത്തെ തിരുശരീരരക്തങ്ങള്‍ പരികര്മം ചെയ്തു, അവിടുന്ന് സ്ഥാപിച്ച സഭയില്‍ എപ്രകാരം ജീവിച്ചു, അവിടുത്തെ മൂല്യങ്ങള്‍ എങ്ങനെ നമ്മുടെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കി എന്നൊക്കെ ഒന്ന് ശോധന ചെയ്യുന്നത് നല്ലതായിരിക്കും.. അന്തമില്ലാത്ത ആ രാജ്യത്തില്‍ എത്തുവോളം ഈ ഭൂമിയില്‍ നമുക്ക് ക്രിസ്തുവിന്റെ മൂല്യങ്ങള്‍ക്കുവേണ്ടി അവിടുത്തെ സ്വരമായി ജീവിക്കാം…

You may also like...

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: