ഡിസംബര്‍ 1…പ്രഭാത പ്രാര്‍ത്ഥന…

ഡിസംബര്‍ 1…പ്രഭാത പ്രാര്‍ത്ഥന…
നല്ല ദൈവമേ ഒരു പുതിയ ദിനം ഒരു പുതിയ മാസം കൂടി അങ്ങ് എനിക്കായി നല്‍കിയിരിക്കുന്നു. ക്രിസ്തുമസ് ദിനങ്ങള്‍ ഇപ്പോഴേ മനസ്സില്‍ ഓടിയെത്തുന്നു. പുല്‍ക്കൂടും നക്ഷത്രങ്ങളും പപ്പാഞ്ഞിയും കരോള്‍ ഗാനങ്ങളും. ദൈവമേ ഈ കാലഘട്ടത്തില്‍ നല്ല ഒരു കുമ്പസാരം നടത്തുവാനും ഈശോയെ എന്റെ ഹൃദയത്തിലേക്ക് സ്വീകരിക്കാനും എന്നെയും സഹായിക്കണമേ. ഈ ക്രിസ്തുമസ് എന്നില്‍ ഒരു പുതിയ അനുഭവം നല്‍കട്ടെ. എന്നില്‍ ക്രിസ്തു ജനിക്കുന്നില്ലെങ്കില്‍ ഈ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് അര്‍ത്ഥമില്ല എന്ന് ഞാന്‍ അറിയുന്നു. ദൈവമേ, ഈ ദിവസങ്ങളില്‍ കുംബസാരിക്കുവാനും പരിശുദ്ധ കുര്‍ബാന സ്വീകരിക്കുവാനും പുണ്യപ്രവര്‍ത്തികളിലൂടെ അങ്ങയുടെ പ്രിയപുത്രന്റെ ജനനത്തിനായി ഒരുങ്ങുവാനും എന്നെയും സഹായിക്കണമേ. എന്നെ അങ്ങയുടെ സ്നേഹത്തില്‍ നിന്നും മാറ്റിനിര്‍ത്തുകയോ അങ്ങയുടെ പരിശുദ്ധാത്മാവിനെ എന്നില്‍നിന്നും എടുത്തുകളയുകയോ ചെയ്യരുതേ. എനിക്ക് അങ്ങയുടെ സ്വന്തമാകണം. പലപ്പോഴും ആഗ്രഹിക്കുന്ന ഒരു നന്മ പോലും ചെയ്യുവാന്‍ സാധിക്കാതെ ഞാന്‍ വിഷമിക്കുന്നു. ദൈവമേ ഈ കാലഘട്ടത്തില്‍ എന്നെ സ്പര്‍ശിക്കണമേ. എന്റെ ഹൃദയത്തില്‍ വന്നു ജനിക്കണമേ. അങ്ങയെ ഞാന്‍ മറന്നു പോകാതെ ജീവിക്കട്ടെ. ദൈവത്തിന്റെ ഏറ്റവും സുന്ദരവും വലുതുമായ രക്ഷാകര പദ്ധതിയില്‍ പങ്കാളിയായ പരിശുദ്ധ അമ്മെ, എനിക്കും ഈശോയെ നല്‍കണേ..അന്ന് ഈ ലോകത്തിനു നല്‍കിയതുപോലെ ഇന്നും എന്നും നല്‍കണേ. അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം എന്ന് പാടിയ മാലാഖമാരെ, എന്നില്‍ ഈശോ ജനിക്കുവാന്‍, വേണ്ടി ഒരുങ്ങുവാന്‍ എന്നെ സഹായിക്കണമേ. അവിടുത്തെ മഹാവിശുദ്ധരെ എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുവിന്‍. അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം. ആമേന്‍..ആമേന്‍..ആമേന്‍.   – Fr. Milton George, Spain

You may also like...

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: