…മറക്കാതിരിക്കുക നമ്മുടെ ദൌത്യം….

ഇന്നത്തെ സുവിശേഷം….

…മറക്കാതിരിക്കുക നമ്മുടെ ദൌത്യം….

തിരുസഭാ മാതാവ് ആണ്ടുവട്ടത്തിലെ നാലാം ഞായറാഴ്ച ആഘോഷിക്കുന്നു. വിശുദ്ധ ലൂക്കായുടെ സുവിശേഷം നാലാം അദ്ധ്യായം 21 മുതല്‍ 30 വരെയുള്ള വാക്യങ്ങളാണ് ധ്യാനിക്കുന്നത്. യേശു തന്റെ യതാര്‍ത്ഥ വ്യക്തിത്വത്തോടെ തന്റെ പരസ്യ ജീവിതം ആരംഭിക്കുകയാണ്. നിങ്ങള്‍ കേട്ട ഈ തിരുവെഴുത്തു ഇന്ന് നിറവേറിയിരിക്കുന്നു. ഇവന്‍ ജോസഫിന്റെ മകനല്ലേ, എന്നുള്ള യേശുവിന്റെ നാട്ടുകാരുടെ ചോദ്യം അവരുടെ അജ്ഞതയെ സൂചിപ്പിക്കുന്നു. യേശു തന്റെ ദൌത്യം ആരംഭിക്കുമ്പോള്‍ പ്രത്യക്ഷമായും പരോക്ഷമായും അനേകം ചോദ്യങ്ങള്‍ നേരിടേണ്ടി വരുന്നതായി നമുക്ക് കാണുവാന്‍ സാധിക്കും. എന്നാല്‍ ആ ചോദ്യങ്ങളുടെ മുന്നില്‍ അടിപതറാതെ താന്‍ എവിടെ നിന്ന് വന്നുവെന്നും തന്റെ ദൌത്യം എന്താണെന്നും താന്‍ എവിടെക്കാണ്‌ പോകുന്നതെന്നുമുള്ള പൂര്‍ണമായ തിരിച്ചറിവില്‍ നിന്നുകൊണ്ട് യേശു സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. യഥാര്‍ത്ഥ കൃസ്ത്യാനി ലോകത്തിന്റെ വഴികള്‍ക്ക് എതിരെ സഞ്ചരിക്കുന്നവനാണ്. ക്രിസ്തു ലോകത്തില്‍ ആയിരിക്കുവാന്‍ വന്നവനാനെങ്കിലും ഒരിക്കലും ഈ ലോകത്തിന്റെതായിരുന്നില്ല. ലോകത്തിന്റെ ഒരു മോഹങ്ങള്‍ക്കും യേശുവിനെ കീഴ്പ്പെടുത്തുവാന്‍ സാധിച്ചിരുന്നില്ല. അത് കൊണ്ട് തന്നെയാണ് വചനം നമ്മോടു പറയുന്നത് അവന്‍ നന്മ ചെയ്തുകൊണ്ട് കടന്നു പോയി എന്ന്. കൃപാവരം ഇല്ലാത്ത കൃസ്ത്യാനികള്‍ക്ക് ക്രിസ്തുവിനെ അനുഗമിക്കുവാന്‌ സാധിക്കുകയില്ല. കൃപയുടെ വെളിച്ചത്തില്‍ ക്രിസ്തുവിനെ അനുഗമിക്കുവാന്‌ വിളിക്കപ്പെട്ടവനാണ് കൃസ്ത്യാനി. ഈ ലോകത്തില്‍ കൃസ്തുവിന്റെ വഴിയില്‍ സഞ്ചരിക്കുവാനുള്ള വലിയ വിളി കൃസ്ത്യാനികളായ ഓരോ മനുഷ്യര്‍ക്കുമുണ്ട്. മറ്റുള്ളവരുടെ മുന്‍പില്‍ ധൈര്യത്തോടുകൂടെ ഞാന്‍ ഒരു കൃസ്ത്യാനിയാണ് എന്ന് പറയുവാനുള്ള ശക്തി നാം സംഭരിക്കേണ്ടിയിരിക്കുന്നു. ഓര്‍ക്കുക, മറ്റുള്ളവര്‍ തിരിച്ചറിയാത്ത ഒരു മഹനീയ വ്യക്തിത്വത്തിനും ദൗത്യത്തിനും അവകാശികളാണ് നമ്മള്‍.. വചനം നമ്മോടു പറയുന്നു നാം ദൈവമക്കള്‍ എന്ന് വിളിക്കപ്പെടുന്നു, നാം അങ്ങനെയാണ് താനും. നമ്മുടെ ആ വ്യക്തിത്വത്തെ വെളിപ്പെടുത്തുന്നത് ദൈവമാണ്. ക്രിസ്തുവിന്റെ വ്യക്തിത്വത്തെ വെളിപ്പെടുത്തിയ അതെ ദൈവം കൃസ്ത്യാനികളുടെ വ്യക്തിത്വത്തെയും വെളിപ്പെടുത്തും. ലോകം മാനുഷികമായ കാര്യങ്ങള്‍ നമ്മില്‍ ദര്ശിക്കുമ്പോള്‍ ദൈവം സ്വര്‍ഗീയമായ കാര്യങ്ങള്‍ നമ്മില്‍ കാണുന്നു. നാം നമ്മുടെ ജീവിതത്തിലേക്ക് ദൈവീകമായ കണ്ണുകളോടെ നോക്കേണ്ടിയിരിക്കുന്നു. മനുഷ്യര്‍ നമ്മെ കുറിച്ച് നല്ലതും മോശവും പറയട്ടെ..എന്നാല്‍ നമ്മെ കുറിച്ച് ആത്യന്തികമായ വെളിപ്പെടുത്തല്‍ നടത്തുന്നത് ദൈവമാണ്. ക്രിസ്തുവില്‍ വിശ്വാസികളായ സഹോദരങ്ങളെ, നമ്മെ ദൈവം സൃഷ്ടിച്ചത് മറ്റുള്ളവരെപോലെ ചിന്തിക്കാനും സംസാരിക്കാനും ജീവിക്കനുമല്ല, മറിച്ച്, ക്രിസ്തുവിനെ പോലെ ചിന്തിക്കാനും സംസാരിക്കാനും പ്രവര്‍ത്തിക്കനുമാണ്. ക്രിസ്തുവിന്റെ മനോഭാവം നിങ്ങളിലും ഉണ്ടായിരിക്കട്ടെ എന്ന് അപ്പോസ്തലന്‍ നമ്മെ ഉദ്ബോധിപ്പിക്കുന്നു. ക്രിസ്തുവിനെ കുറിച്ച് അന്നത്തെ പോലെ ഇന്നും ലോകം ശരിയായി മനസിലാക്കിയിട്ടില്ല, ക്രിസ്ത്യാനികളെയും ലോകം മനസിലാക്കുകയില്ല. ഈ ഭൂമിയില്‍ ക്രിസ്തു ആരംഭിച്ച സ്നേഹത്തിന്റെ നവസാമ്രാജ്യം പടുത്തുയര്‍ത്തുക എന്നാ വലിയ ലക്‌ഷ്യം നമുക്കുണ്ട്.. ക്രിസ്തു നമ്മെ ഭരമെല്‌പ്പിച മൂല്യങ്ങളും ദര്‍ശനങ്ങളും ഈ ലോകത്തോട്‌ വിളിച്ചു പറയുവാന്‍ നാം ആരെയും ഭയക്കേണ്ടതില്ല…. വീണ്ടും വചനം പറയുന്നു., എന്നെ മനുഷ്യ സമക്ഷം ഏറ്റുപറയുന്നവനെ ഞാന്‍ ദൈവസമക്ഷം ഏറ്റുപറയും. ക്രിസ്തീയ സഹോദരങ്ങളെ ഇത് വായിക്കുന്ന നമ്മുടെ ഹൃദയങ്ങളില്‍ നമുക്കുവേണ്ടി ജനിക്കുകയും ജീവിക്കുകയും മരിക്കുകയും ഉയര്‍ത്തെഴുന്നെല്‍ക്കുകയും ചെയ്ത യേശുവിനോടുള്ള സ്നേഹം എന്നും ഉണ്ടായിരിക്കുകയും ആ സ്നേഹത്തിന്റെ നിറവില്‍ നിന്നുകൊണ്ട് തന്നെ ഈ ലോകത്തോട്‌ യേശുമാത്രമാണ് രക്ഷകന്‍ എന്ന് വിളിച്ചു പറയുവാനും നമുക്ക് സാധിക്കട്ടെ. ദൈവം ക്രിസ്തുവിനെ ഭൂമിയിലേക്ക്‌ അയച്ചത് നമുക്ക് വേണ്ടിയാണ്….ഇന്ന് നമ്മളെ ഭൂമിയിലേക്ക്‌ അയച്ചിരിക്കുന്നത് ക്രിസ്തുവിനു വേണ്ടിയും…മറക്കാതിരിക്കുക നമ്മുടെ ദൌത്യം….

You may also like...

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: