Message in Malayalam

കണ്ണുനീരിൽ ഒരു ജ്ഞാനസ്‌നാനം കഴിഞ്ഞതുപോലുണ്ട് അയാൾ. നനഞ്ഞു കുതിർന്ന വസ്ത്രങ്ങൾ. രണ്ട് ഉറവകൾപോലെ കണ്ണുകൾ. തേങ്ങലടക്കാൻ പാടുപെടുന്ന ചുണ്ടുകൾ.
അയാൾക്കു പിന്നിൽ വയോവൃദ്ധനായ മ…റ്റൊരാൾ. വാതിൽപ്പടിയിൽ മുറുകെ പിടിച്ചിരിക്കുകയാണ് വിറയാർന്ന ആ കരങ്ങൾ. ആ കണ്ണുകളിലുമുണ്ട് ആർദ്രസ്‌നേഹത്തിന്റെ നനവ്.
അവർക്ക് മുന്നിൽ ഒരു അത്താഴമേശ, വിരുന്ന് പാതിവഴിയിൽ നിർത്തി എഴുന്നേറ്റുപോയ ആതിഥേയനെ കാത്ത് അൽപം ക്ഷമയോടെ അതിഥികൾ. അസാധാരണമായ ചിലതിന് സാക്ഷികളാകുന്നു അവർ.

വത്തിക്കാൻ അരമനയിലെ അസാധാരണമായൊരു അത്താഴവിരുന്നായിരുന്നു രംഗം. ആ രാത്രി ജോൺപോൾ രണ്ടാമൻ മാർപാപ്പയ്ക്ക് വ്യത്യസ്തനായൊരു അതിഥിയുണ്ടായിരുന്നു; റോമിലെ മഞ്ഞുമാതാവിന്റെ ബസിലിക്കയുടെ പടികളിലൊന്നിൽ ഭിക്ഷാടനം നടത്തിക്കൊണ്ടിരുന്ന ഒരു യാചകൻ!

”നിന്റെ സഹോദരൻ തെറ്റു ചെയ്താൽ അവനെ ശാസിക്കുക; പശ്ചാത്തപിച്ചാൽ അവനോടു ക്ഷമിക്കുക. ദിവസത്തിൽ ഏഴുപ്രാവശ്യം അവൻ നിനക്കെതിരായി പാപം ചെയ്യുകയും ഏഴുപ്രാവശ്യവും തിരിച്ചുവന്ന്, ഞാൻ പശ്ചാത്തപിക്കുന്നുവെന്നു പറയുകയും ചെയ്താൽ നീ അവനോടു ക്ഷമിക്കണം” (ലൂക്കാ 17:3-4).

യേശു ശിഷ്യരോടാവശ്യപ്പെട്ട ഈ സുകൃതമാതൃക ഉടലാർന്നു നിൽക്കുകയായിരുന്നു, അപ്പോൾ ആ വിരുന്നു മേശയ്ക്കരുകിൽ. ക്രിസ്തുവിന്റെ സ്‌നേഹവും കരുണയും എത്രത്തോളമെന്നു തിരിച്ചറിഞ്ഞ ഒരു മഹാപുരോഹിതൻ. ഇത്രമേൽ നീയെന്നെ സ്‌നേഹിക്കാൻ അയോഗ്യനാണ് ഞാനെന്നു പറഞ്ഞു നെഞ്ചുനീറി കരയുന്ന മറ്റൊരു മനുഷ്യൻ.

മെത്തഡിസ്റ്റ് സഭയിൽനിന്നും കത്തോലിക്കാ സഭയിലേക്ക് പുനരൈക്യപ്പെട്ട പാസ്റ്റർ സ്‌കോട്ട്ഹാൻ ഈ സംഭവം വിവരിക്കുമ്പോൾ കരയുകയായിരുന്നു ശ്രോതാക്കൾ! ആ കഥ ഇങ്ങനെ:
മാർപാപ്പയുമായി ഒരു സ്വകാര്യ കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ച് അമേരിക്കയിൽ നിന്നെത്തിയ ഒരു പുരോഹിതൻ. ഉച്ചകഴിഞ്ഞായിരുന്നു കൂടിക്കാഴ്ച. മാർപാപ്പയുമായുള്ള ‘പ്രൈവറ്റ് ഓഡിയൻസ്’ സ്വകാര്യമായ ചടങ്ങല്ല. ഒരു ചാപ്പലിൽ കാത്തിരിക്കുന്ന കുറെയധികം ആളുകൾക്കിടയിൽ ഒരാൾ. മാർപാപ്പ സമീപത്ത് വരുമ്പോൾ കരംപിടിച്ച് കുലുക്കാനും ഒന്നോ രണ്ടോ വാക്ക് സംസാരിക്കാനും അവസരം ലഭിക്കും; അത്രമാത്രം. എങ്കിലും ഇതൊരു ഭാഗ്യമായാണ് ലോകം കാണുന്നത്.

മാർപാപ്പയെ കാണുന്നതിന് മുമ്പുള്ള പ്രഭാതം. പ്രാർത്ഥനയിൽ ചിലവഴിക്കാമെന്നു നിശ്ചയിച്ചു ഈ വൈദികൻ. അദ്ദേഹം താമസിച്ചിരുന്ന ഹോട്ടലിനു സമീപമായിരുന്നു പ്രശസ്തമായ മേരി മേജർ ബസിലിക്ക (ബസിലിക്ക ദെ സാന്റാ മരിയാ മാജിയോർ). ഇറ്റലിയിലെ ഏറ്റവും വലിയ മരിയൻ ദേവാലയമാണ് ഇത്. വത്തിക്കാൻ നഗരത്തിനു പുറത്താണെങ്കിലും ഈ ദേവാലയത്തിനുമേൽ വത്തിക്കാനാണ് അവകാശം. ‘മഞ്ഞുമാതാവിന്റെ ബസിലിക്ക’ എന്നും ഇതറിയപ്പെടുന്നു.

ദേവാലയമുറ്റത്തേക്കുള്ള പടികളിൽ വിവിധ രാജ്യക്കാരായ ഭിക്ഷാടകർ. സ്ത്രീകളും കുഞ്ഞുങ്ങളും വൃദ്ധരുമുണ്ടാവും ഇവർക്കിടയിൽ. അപൂർവം ചില യുവാക്കളും. യാചകർക്കിടയിൽ ഒരു മുഖം വൈദികനു പരിചിതമായി തോന്നി. മനസിൽ എവിടെയോ പതിഞ്ഞുപോയ രൂപം. മുടിയും താടിയും നീട്ടിവളർത്തിയ ഒരാൾ. ലഹരി നുരയുന്ന കണ്ണുകൾ. മുഷിഞ്ഞു നാറിയ വസ്ത്രങ്ങൾ. തന്റെ പൗരോഹിത്യ ജീവിതത്തിനിടയിൽ കണ്ടുമറന്ന എത്രയെത്ര മുഖങ്ങൾ. അവരിലാരെങ്കിലും ആയിരിക്കാം അതെന്ന ചിന്തയോടെ വൈദികൻ ദേവാലയത്തിലെത്തി മുട്ടുകുത്തി.

എങ്കിലും മനസിനുള്ളിൽ നിന്നു വിട്ടുപോകാൻ തയാറായിരുന്നില്ല ആ രൂപം. അദ്ദേഹത്തിന്റെ മനസ് വർഷങ്ങൾക്കു പിന്നിലേക്കു പോയി. റോമിലെ ദൈവശാസ്ത്രപഠനകാലം. വിവിധ രാജ്യക്കാരായ വൈദികവിദ്യാർത്ഥികൾ. അവർക്കിടയിൽ ഒരു മുഖം. ”ദൈവമേ, തന്നോടൊപ്പം പഠിച്ച ജിം എന്ന മനുഷ്യനാണോ ഈ യാചകർക്കിടയിൽ! വർഷങ്ങൾക്കുമുമ്പ് റോമിൽവച്ച് പൗരോഹിത്യം സ്വീകരിച്ച ഒരാൾ!

ഈ തിരിച്ചറിവിൽ ഞെട്ടിവിറച്ചുപോയി ആ പുരോഹിതൻ. പിന്നീട്, സ്വസ്ഥമായി പ്രാർത്ഥിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഉടനടി ആ യാചകസംഘത്തിനടുത്തെത്തി അദ്ദേഹം. ”ഫാദർ ജിം അല്ലേ?” ”ആയിരുന്നു” യാചകന്റെ മറുപടി.

”എന്തുപറ്റി ഇങ്ങനെയായിത്തീരാൻ?” ഞടുക്കത്തോടെ തിരക്കി അദ്ദേഹം.
”അതൊരു പാഴ്ക്കഥയാണ്. നീ നിന്റെ പാട്ടിനു പൊയ്‌ക്കോ.” എടുത്തടിച്ചതുപോലെ പറഞ്ഞു ആ യാചകൻ.
ഏറെനേരം ശ്രമിച്ചിട്ടും പഴയതൊന്നും സംസാരിക്കാൻ സന്നദ്ധനായിരുന്നില്ല ഫാ. ജിം. പക്ഷേ, കൺകോണുകളിലെവിടെയോ ഒരു നനവ്! ആ വൈദികൻ തന്റെ താമസസ്ഥലത്തേക്ക് മടങ്ങി; കടുത്ത വേദനയോടെ. മിടുക്കനായൊരു വൈദികന്റെ പതനം! ഇതെങ്ങനെ സംഭവിച്ചെന്നോർത്തു വ്യാകുലമായിരുന്നു ആ മനസ്.
മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചുള്ള ആഹ്ലാദമെല്ലാം എവിടെയോ പോയ്മറഞ്ഞു. മനസിനുള്ളിൽ തന്റെ സഹപാഠിയെക്കുറിച്ചുള്ള നൊമ്പരം മാത്രം.
മാർപാപ്പയുടെ പ്രൈവറ്റ് ഓഡിയൻസിനുള്ള സമയമായി. പ്രായത്തിന്റെ അവശതകൾക്കിടയിലും പ്രസന്നനായിരുന്നു മാർപാപ്പ. ഓരോരുത്തരുടെയും ഊഴമെത്തി. മാർപാപ്പയുടെ സെക്രട്ടറി ഒരു കൊന്ത സമ്മാനിക്കും. അതുമായി പരിശുദ്ധ പിതാവിന് മുന്നിലെത്തുക; ആശീർവാദം വാങ്ങി ഇരിപ്പിടങ്ങളിലേക്കു മടക്കം. ഇതായിരുന്നു ചിട്ട.
ആ വൈദികന്റെ ഊഴമായി. അദ്ദേഹം മാർപാപ്പയോട് പറഞ്ഞു: ”ഞാനൊരു ഞടുക്കത്തിലാണ്. എന്നോടൊപ്പം പൗരോഹിത്യം സ്വീകരിച്ച ഒരു മനുഷ്യനെ ഞാനിന്നു കണ്ടു. മഞ്ഞുമാതാവിന്റെ ബസിലിക്കയുടെ മുന്നിൽ. ഭിക്ഷാടകനാണ് അയാളിപ്പോൾ. ഫാ. ജിമ്മിനുവേണ്ടി അങ്ങ് പ്രാർത്ഥിക്കണം.”

മാർപാപ്പ സമ്മതപൂർവം തലയാട്ടി. അടുത്ത സന്ദർശകന്റെ ഊഴം. മാർപാപ്പയുടെ പ്രൈവറ്റ് ഓഡിയൻസ് അവസാനിക്കുകയാണ്. സന്ദർശകരെല്ലാം ചാപ്പലിൽനിന്നു മെല്ലെ പുറത്തേക്ക്. പെട്ടെന്ന്, മാർപാപ്പയുടെ സെക്രട്ടറി അമേരിക്കൻ വൈദികനടുത്തെത്തി. അൽപനേരംകൂടി ചാപ്പലിൽ കാത്തിരിക്കാനായിരുന്നു അദ്ദേഹത്തിന്റെ അഭ്യർത്ഥന.
എന്താണ് സംഭവിക്കാൻ പോകുന്നതെന്നറിയാതെ ജപമണികളിൽ വിരലോടിച്ചിരുന്നു ആ വൈദികൻ. ഏതാനും നിമിഷങ്ങൾക്കുള്ളിൽ മടങ്ങിയെത്തി, മാർപാപ്പയുടെ സെക്രട്ടറി. അദ്ദേഹത്തിന്റെ കൈയിലൊരു കവർ ഉണ്ടായിരുന്നു.

ആകാംക്ഷയോടെ ആ പുരോഹിതൻ ആ കവർ തുറന്നു; അതിനുള്ളിൽ രണ്ടു ടിക്കറ്റുകളുണ്ടായിരുന്നു. മാർപാപ്പയുടെ അത്താഴവിരുന്നിൽ പങ്കെടുക്കാനുള്ള ക്ഷണം. അതോടൊന്നിച്ചുള്ള കുറിപ്പിൽ ഇങ്ങനെ എഴുതിയിരുന്നു: ”ഫാ. ജിമ്മിനെയും ഒപ്പം കൂട്ടുക.” ഇത്തരത്തിലൊരു അത്ഭുതം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല ആ വൈദികൻ. അദ്ദേഹം ഒട്ടും വൈകാതെ മേരി മേജർ ബസിലിക്കയുടെ മുന്നിലെത്തി. യാചകരെല്ലാം മടക്കയാത്രയ്ക്ക് ഒരുങ്ങുകയായിരുന്നു അപ്പോൾ. റോമിലെ ആ വൈകുന്നേരം തണുത്തുറഞ്ഞതായിരുന്നു. കിട്ടിയ തുണിയെല്ലാം വാരിപ്പുതച്ച് തന്റെ താവളത്തിലേക്ക് നീങ്ങുകയായിരുന്നു ജിം അപ്പോൾ.

”ജിം നിൽക്ക്. എനിക്കൊന്നു സംസാരിക്കണം.” ചോദ്യഭാവത്തിൽ നോക്കി ആ മുൻ വൈദികൻ. ”ഇന്ന് നമുക്ക് പരിശുദ്ധ പിതാവിനൊപ്പം അത്താഴം കഴിക്കാം. അതിനുള്ള ക്ഷണമാണിത്. പോക്കറ്റിൽനിന്ന് കവർ ഉയർത്തിക്കാട്ടി. പൊട്ടിച്ചിരിയായിരുന്നു അതിനുള്ള മറുപടി. ദേവാലയ മുറ്റത്തുനിന്നിരുന്നവർ അവരെ അമ്പരപ്പോടെ നോക്കി.
”നിങ്ങളെന്തു ഭ്രാന്താണ് പുലമ്പുന്നത്? ഒരു പിച്ചക്കാരനായ എന്നെ മാർപാപ്പ വിരുന്നിന് ക്ഷണിച്ചെന്നോ?” വീണ്ടും ചിരി തുടങ്ങി, ഫാ. ജിം.
”നോക്ക്, എന്റെ ശരീരം മുഴുവൻ അഴുക്കാണ്. കുളിച്ചിട്ട് മാസങ്ങളായി. എനിക്കിടാനൊരു നല്ല വേഷം പോലുമില്ല” -ഫാ. ജിം.

”അതൊന്നും സാരമില്ല. നിനക്ക് എന്റെ വസ്ത്രങ്ങൾ ധരിക്കാം. ഈ റോഡിന്റെ മറുവശത്താണ് ഞാൻ താമസിക്കുന്ന ഹോട്ടൽ. അവിടെച്ചെന്ന് കുളിക്കാം. ഷേവു ചെയ്തു പുതിയ വസ്ത്രങ്ങളിട്ടാൽ മതി.” അതൊന്നും കേൾക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല ഫാ. ജിം. അപകർഷതാബോധംകൊണ്ട് കുനിഞ്ഞ ശിരസോടെ നടന്നു തുടങ്ങി അയാൾ.
സുഹൃത്തായ വൈദികൻ യാചനയോടെ അയാൾക്കു മുന്നിൽ കരംകൂപ്പി. ആ അപേക്ഷയ്ക്ക് മുന്നിൽ അർദ്ധസമ്മതം മൂളി, ഫാ. ജിം.
ഹോട്ടൽ മുറിയിലെത്തി കുളിച്ച് വസ്ത്രം മാറി അവർ മാർപാപ്പയുടെ അരമനയിലെത്തി. ഒരു വലിയ അത്താഴമേശ. ആതിഥേയന്റെ ഇരിപ്പിടത്തിൽ ജോൺപോൾ രണ്ടാമൻ മാർപാപ്പ. കർദിനാൾമാരും ആർച്ച് ബിഷപ്പുമാരുമൊക്കെ ഇരുന്നിരുന്ന ആ ഭക്ഷണമേശയിൽ സ്വയം ചുങ്ങിക്കൂടിയിരുന്നു ആ യാചകൻ.
ഭക്ഷണം ഏതാണ്ട് കഴിച്ചു തീരാറായി. ഇനി ‘ഡെസേർട്ട്’ കൂടി വിളമ്പിയാൽ മതി. മാർപാപ്പ മെല്ലെ എഴുന്നേറ്റു; മാർപാപ്പയുടെ സെക്രട്ടറിയും. തൊട്ടടുത്തുള്ള ഒരു മുറിയിലേക്ക് നീങ്ങി, പരിശുദ്ധ പിതാവ്. പോപ്പിന്റെ സെക്രട്ടറി യാചകനായ അതിഥിയുടെ അടുത്തെത്തി പറഞ്ഞു. ”മാർപാപ്പ താങ്കളെ കാണാനാഗ്രഹിക്കുന്നു.”
വിറയ്ക്കുന്ന പാദങ്ങളോടെ അയാൾ സെക്രട്ടറിയുടെ ഒപ്പം നീങ്ങി. മാർപാപ്പയുടെ സ്വകാര്യമുറിയുടെ വാതിൽ അടഞ്ഞു.

അത്താഴമേശയിൽ ഓരോരുത്തരും പരസ്പരം നോക്കി. അഞ്ചുമിനിട്ട് കഴിഞ്ഞു. ആ വാതിൽ അടഞ്ഞുതന്നെ കിടന്നു. പത്തുമിനിറ്റ്, അതു തുറന്നിട്ടില്ല!
”അവരിനി എപ്പോൾ മടങ്ങിവരും?” അതിഥികൾ തിരക്കി.
”ഈ മാർപാപ്പയുടെ കാര്യം പ്രവചിക്കാനാവില്ല” ഇതായിരുന്നു സെക്രട്ടറിയുടെ മറുപടി.

ഏകദേശം 20 മിനിറ്റ് കഴിഞ്ഞപ്പോൾ വാതിൽ തുറക്കപ്പെട്ടു. കണ്ണുനീരിൽ സ്ഫുടം ചെയ്ത മുഖത്തോടെ ഫാ. ജിം എന്ന യാചകൻ! നനഞ്ഞ കണ്ണുകളോടെ മാർപാപ്പയും!
വിരുന്നു കഴിഞ്ഞു മടങ്ങുമ്പോൾ സുഹൃത്തായ പുരോഹിതൻ ഫാ. ജിമ്മിനോടു തിരക്കി:
”ഇത്രയും സമയം, മാർപാപ്പയുമായി എന്തെടുക്കുകയായിരുന്നു?”

വിതുമ്പലോടെ ഫാ. ജിം പറഞ്ഞു: ”മുറിയിൽ ചെന്നപാടെ പരിശുദ്ധ പിതാവ് എന്നോടു ചോദിച്ചു; ഫാ. ജിം താങ്കളെന്റെ കുമ്പസാരം കേൾക്കാമോ?”
”ഞാൻ നിലവിളിയോടെ പറഞ്ഞു: അങ്ങെന്താണ് ഈ പറയുന്നത്? ഞാനൊരു യാചകൻ മാത്രമാണ്!”
”ഞാനുമൊരു യാചകനാണ്. അനുനിമിഷം ദൈവതിരുസന്നിധിയിൽ കരങ്ങൾ നീട്ടുന്ന യാചകൻ” -മാർപാപ്പ പറഞ്ഞു.
”പക്ഷേ, ഞാൻ ഇപ്പോഴൊരു പുരോഹിതനേയല്ലല്ലോ?” – ഫാ. ജിം വിസമ്മതം അറിയിച്ചു.

”പൗരോഹിത്യം നിത്യമായൊരു കൂദാശയാണ്. ഒരിക്കൽ വൈദികനായിരുന്നയാൾ എപ്പോഴും വൈദികൻ തന്നെയാണ്” മാർപാപ്പ പറഞ്ഞു.
”ഞാനിപ്പോൾ പൗരോഹിത്യവൃത്തിക്ക് പുറത്താണ്. പാപിയാണ്” ജിം കരയാൻ തുടങ്ങിയിരുന്നു.
”റോമിന്റെ മെത്രാനും ക്രിസ്തുവിന്റെ വികാരിയും എന്ന നിലയിൽ ഞാൻ താങ്കളുടെ നിയന്ത്രണം നീക്കുന്നു. ഈ നിമിഷം മുതൽ പൗരോഹിത്യശുശ്രൂഷയ്ക്ക് യോഗ്യനാണ് ഫാ. ജിം.” മാർപാപ്പ കാരുണ്യത്തിന്റെ കരങ്ങൾ നീട്ടി അനുഗ്രഹിച്ചു.

അവിശ്വസനീയമാണ് പിന്നീട് നടന്ന കാര്യങ്ങൾ. പരിശുദ്ധ പിതാവ് ഫാ. ജിമ്മിനു മുന്നിൽ മുട്ടിന്മേൽ നിന്നു. എളിമയോടും വിശുദ്ധിയോടും കൂടെ ആ മഹാപുരോഹിതൻ പാപസങ്കീർത്തനം ആരംഭിച്ചു. ഫാ. ജിം മാർപാപ്പയ്ക്ക് പാപമോചനവും നൽകി!

മാർപാപ്പയുടെ കുമ്പസാരം കഴിഞ്ഞതോടെ, ഫാ. ജിം മുട്ടുകുത്തി നിന്നുകൊണ്ട് യാചിച്ചു: ”ഇനി, അങ്ങെന്റെ കുമ്പസാരം കേൾക്കാൻ കനിവു കാട്ടുമോ?!!”
സമ്മതംമൂളി പരിശുദ്ധ പിതാവ്. നെടുവീർപ്പോടും നിലവിളിയോടുംകൂടി ഫാ. ജിം കുമ്പസാരിച്ചു; അനേകവർഷങ്ങൾക്കു ശേഷമൊരു കുമ്പസാരം.
അന്നുതന്നെ ഫാ. ജിമ്മിന്റെ പൗരോഹിത്യ അധികാരങ്ങൾ തിരികെ ലഭിച്ചു. ഒരിക്കൽ ഭിക്ഷാടനം നടത്തിയിരുന്ന മേരി മേജർ ബസിലിക്കയിൽ ശുശ്രൂഷ ചെയ്യാനും നിയോഗിച്ചു മാർപാപ്പ. റോമിലെ ഭിക്ഷാടകർക്കുവേണ്ടിയുള്ള ഒരു ശുശ്രൂഷ. ‘ആകാശപ്പറവകൾ’പോലെ സമാനതകളില്ലാത്ത ഒരു ദൈവികശുശ്രൂഷ!

You may also like...

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: