അന്ധതയില്‍ നിന്നും പ്രകാശത്തിലേക്ക്…

അന്ധതയില്‍ നിന്നും പ്രകാശത്തിലേക്ക്…

ആണ്ടുവട്ടത്തിലെ മുപ്പതാം ഞായറാഴ്ച നാം വായിച്ചുകേള്‍ക്കുന്ന സുവിശേഷ ഭാഗം അന്ധനായ ബാര്തിമെയുസിനെ സുഖപ്പെടുത്തുന്നതാണ്. സുവിശേഷം വളരെ വ്യക്തമായി പറയുന്നു അവന്‍ വഴിയരികിലിരുന്നു യാചിക്കുകയായിരുന്നു എന്ന്. യേശു ജനകൂട്ടത്തോടൊപ്പം കടന്നു പോകുമ്പോള്‍ ആരോ അവനോടു പറഞ്ഞു യേശുവാണ് അതുവഴി പോകുന്നത് എന്ന്. തീര്‍ച്ചയായും മറ്റുള്ളവരെ പോലെ തന്നെ അവനും യേശുവിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ കേട്ടിട്ടുണ്ട്. യേശുവിന്റെ വചനങ്ങളെ കുറിച്ചും അവിടുത്തെ അത്ഭുതങ്ങളെ കുറിച്ചും അവന്‍ കേട്ടറിഞ്ഞതു കൊണ്ടാണ്, ദാവിദിന്റെ പുത്രനായ യേശുവേ എന്നില്‍ കനിയണമേ എന്ന് ഉറക്കെ നിലവിളിച്ചത്. ജനകൂട്ടം അവനോടു നിശബ്ദനാകുവാന്‍ ആവശ്യപ്പെട്ടെങ്കിലും അവനാകട്ടെ കൂടുതല്‍ ഉച്ചത്തില്‍ യേശുവിനെ വിളിച്ചു. തന്റെ ചുറ്റും ഉണ്ടായിരുന്ന ജനകൂട്ടത്തിന്റെ ശബ്ദങ്ങള്‍ക്ക് ഉപരിയായി ഈ അന്ധനായ യാചകന്റെ സ്വരം യേശുവിന്റെ കാതില്‍ പതിച്ചു. അവന്റെ രോദനം യേശുവിന്റെ മനസിനെ സ്പര്‍ശിച്ചു.. യേശു നിന്നു. യേശു അവനെ വിളിക്കുവാന്‍ ആവശ്യപ്പെട്ടു. നോക്കു, ജനകൂട്ടം അവനോടു പറയുന്ന വാക്കുകള്‍ ഹൃദയ സ്പര്ശിയാണ്.. ധൈര്യമായിരിക്കുക, എഴുന്നെല്‍ക്കുക, യേശു നിന്നെ വിളിക്കുന്നു. അവന്‍ തന്റെ മേലങ്കി വലിച്ചെറിഞ്ഞു കര്‍ത്താവിന്റെ അടുത്തേക്ക്‌ വേഗത്തില്‍ എത്തി.. അവന്റെ ആഗ്രഹം പോലെ കര്‍ത്താവ് അവനു കാഴ്ച നല്‍കുന്നു.. ഈ സുവിശേഷം നമുക്ക് ധ്യാനിക്കാം..
നമ്മുടെ ആഗ്രഹം യേശുവിന്റെ ചെവികളില്‍ എത്തണം.. നമ്മുടെ രോദനം അവന്റെ ഹൃദയത്തെ സ്പര്ഷിക്കണം..ആത്മാര്‍ഥമായ ഹൃദയത്തോടെ കര്‍ത്താവിനെ വിളിച്ചാല്‍ കര്‍ത്താവ് കേള്‍ക്കും. തകര്‍ന്നു നുറുങ്ങിയ ഹൃദയം കര്‍ത്താവ് നിരസിക്കുകയില്ല എന്ന് വചനം നമ്മെ പഠിപ്പിക്കുന്നു..

വീണ്ടും വചനം നമ്മളോട് പറയും നിന്റെ രോദനം കേള്‍ക്കനാവാത്ത വിധം എന്റെ കാതുകള്‍ക്ക് മാന്ദ്യം സംഭവിച്ചിട്ടില്ല, നിന്നെ രക്ഷിക്കാനാവാത്ത വിധം എന്റെ കരങ്ങള്‍ കുറുകി പോയിട്ടുമില്ല എന്ന്.

ഒന്ന്, ബാര്‍ത്തിമെയുസ് വഴിയരികില്‍ ആയിരുന്നു.. നമ്മളും നമ്മുടെ അന്ധതയുടെ, സ്വാര്‍ഥതയുടെ സുഖങ്ങളുടെ വഴിയോരങ്ങളിലാണ്. നമുക്ക് വേണ്ടത് സുഖം പ്രാപിക്കണം എന്നുള്ള ആഗ്രഹമാണ്.. ആഗ്രഹ്മില്ലാതെ സുഖം പ്രാപിക്കുക സാധ്യമല്ല..

രണ്ട്, ഓര്‍ക്കുക, നമ്മെ വിളിക്കുന്നത്‌ യേശുവാണ്. യേശുവില്‍ പൂര്‍ണമായ വിശ്വാസം ഉണ്ടാകണം..ഈ വിശ്വാസ വര്‍ഷത്തില്‍ നമ്മുടെ വിശ്വാസം ആഴപ്പെടുത്തുവാന്‍ വേണ്ടുന്ന കാര്യങ്ങളില്‍ നമുക്ക് വ്യാപ്രുതരാകം.

മൂന്ന്, നീ കാഴ്ച നേടുവാന്‍ ആഗ്രഹിക്കുക.. ഈ ലോകത്തിലെ യാഥാര്‍ത്യങ്ങളെ കാണുവാന്‍ ആഗ്രഹിക്കുക. അവയുടെ നേരെ കണ്ണടച്ച് ഇരുട്ടാക്കതിരിക്കുക..

ഒടുവിലായി, വഴിയരുകിലായിരുന്ന അന്ധന്‍ വഴിയിലായി..പിന്നെ വഴി തന്നെയായവന്റെ സ്വന്തമായി. വഴിയരുകില്‍ നിന്നും വഴിയിലേക്ക് നമ്മെ കൊണ്ട് വരുന്നത് ആഗ്രഹമാണ്. വഴിയില്‍ നിന്നും വഴിയായവനിലേക്ക് നമ്മെ നയിക്കുന്നത് വിശ്വാസമാണ്.. വിശ്വാസം പ്രവര്‍ത്തിയില്‍ അധിഷ്ടിതമായിരിക്കട്ടെ…ആമേന്‍

By Fr. Milton George , Spain

You may also like...

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.